ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി.ഉഷയും എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളും തമ്മിൽ മാസങ്ങൾ നീണ്ട ഭിന്നതയ്ക്ക് അറുതിയായി. ഐഒഎ സിഇഒ രഘുറാം അയ്യരുടെ നിയമനം സംബന്ധിച്ച തർക്കമാണ് ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിൽ അംഗീകരിക്കപ്പെട്ടതോടെ അവസാനിച്ചത്. ഐഒഎയുടെ ഭരണപരമായ പ്രശ്നങ്ങളിലും ഉത്തേജക കേസുകളിലുമുണ്ടായ വർധനവിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ അനുരഞ്ജന നീക്കം നടന്നത്.
2036ലെ ഒളിംപിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ താല്പര്യം അറിയിച്ചപ്പോൾ, ആദ്യം സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കാനായിരുന്നു ഐഒസിയുടെ നിർദേശം. 2024 ജനുവരിയിലാണ് രഘുറാം അയ്യരെ പി.ടി.ഉഷ സിഇഒ ആയി നിയമിച്ചത്. പ്രതിമാസം 20 ലക്ഷം രൂപ ശമ്പളം നിശ്ചയിച്ച ഈ നിയമനം ഭരണസമിതി അംഗീകരിക്കാൻ വിസമ്മതിച്ചതോടെയാണ് പ്രസിഡന്റും അംഗങ്ങളും തമ്മിൽ ശീതയുദ്ധം ആരംഭിച്ചത്. 15 അംഗ ഭരണസമിതിയിൽ 12 പേരും ഉഷയ്ക്കെതിരെ നിലപാടെടുക്കുകയും അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തുകയും ചെയ്തിരുന്നു.
കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ നേരിട്ട് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നാണ് സൂചന. ഇന്ത്യയുടെ ഒളിംപിക്സ് ആതിഥേയത്വ സ്വപ്നങ്ങൾക്ക് സംഘടനയ്ക്കുള്ളിലെ തർക്കം വെല്ലുവിളിയാകുമെന്ന ഘട്ടത്തിലാണ് മന്ത്രിയുടെ ഇടപെടൽ. എന്നാൽ, തർക്കങ്ങളുണ്ടായിരുന്നില്ലെന്നും ഐഒഎയുടെ പ്രവർത്തനം സുഗമമായിരുന്നെന്നും പി.ടി.ഉഷ പ്രതികരിച്ചു. അതേസമയം, സംഘടനയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണമാണെന്ന് ഐഒഎ ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബേ വ്യക്തമാക്കി.