അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) 18 ദിവസത്തെ വാസത്തിനുശേഷം, ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും ആക്സിയം-4 ദൗത്യത്തിലെ അദ്ദേഹത്തിന്റെ സഹയാത്രികരും ഇന്ന് (ചൊവ്വാഴ്ച, ജൂലൈ 15, 2025) ഭൂമിയിലേക്ക് തിരിച്ചെത്തും. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് ശുഭാംശു ശുക്ലയോടൊപ്പം ക്രൂ ഡ്രാഗൺ പേടകത്തിലുള്ളത്. കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിലാകും സ്പ്ലാഷ്ഡൗൺ നടക്കുക.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:07-ഓടെ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. പാരച്ചൂട്ടുകളുടെ സഹായത്തോടെയുള്ള സ്പ്ലാഷ്ഡൗൺ ഏകദേശം 3:00 PM IST-ഓടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, സ്പ്ലാഷ്ഡൗൺ സമയത്തിൽ ഒരു മണിക്കൂർ വരെ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് തിരിച്ചെത്തുന്ന സംഘത്തെ സ്പേസ്എക്സ് കപ്പലുകൾ ഉപയോഗിച്ച് കടലിൽ നിന്ന് സുരക്ഷിതമായി കരയ്‌ക്കെത്തിക്കും.
ഈ ചരിത്രനിമിഷം തത്സമയം കാണാൻ Axiom Space-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:00 മുതൽ ലൈവ് കവറേജ് ആരംഭിക്കും. ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തുന്ന സംഘം ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിനായി ഏഴ് ദിവസത്തെ നിരീക്ഷണത്തിലും വിശ്രമത്തിലുമായിരിക്കും.