ചാറ്റ്ജിപിടിക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഓപ്പൺഎഐ (OpenAI) മേധാവി സാം ഓൾട്ട്മാൻ, നിർമിത ബുദ്ധി (AI) സമൂഹത്തിൽ വരുത്തിക്കൊണ്ടിരിക്കുന്ന സമൂലമായ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ചരിത്രത്തിൽ കുട്ടികളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിരുന്ന മുതിർന്നവരെയാണ് കണ്ടിരുന്നതെങ്കിൽ, ഇനി AI കൊണ്ടുവരുന്ന മാറ്റം ഉൾക്കൊള്ളാൻ സാധിക്കാത്ത മുതിർന്നവരെക്കുറിച്ചാണ് തനിക്ക് ആവലാതിയെന്ന് ഓൾട്ട്മാൻ പറഞ്ഞു. തന്റെ കുട്ടി മിക്കവാറും കോളജിൽ പഠിച്ചേക്കില്ലെന്നും അദ്ദേഹം പ്രവചിച്ചു.
വിദ്യാഭ്യാസ മേഖലയെ AI പൂർണ്ണമായി പൊളിച്ചെഴുതാൻ ഒരുങ്ങുകയാണെന്ന് ഓപ്പൺഎഐ മേധാവി സൂചിപ്പിച്ചു. തന്റെ മകന് 18 വയസ്സാകുമ്പോൾ വിദ്യാഭ്യാസ രംഗം ഇപ്പോൾ കാണുന്ന രീതിയിലായിരിക്കില്ലെന്ന് അദ്ദേഹം പറയുന്നു. AI യെ മാറ്റിനിർത്തിയൊരു ലോകം പുതിയ തലമുറ അറിയാൻ പോകുന്നില്ലെന്നും, ഭാവി തലമുറയ്ക്ക് AI യെക്കാൾ സ്മാർട്ട് ആകാൻ കഴിയില്ലെന്ന് ബോധ്യമാകുമെന്നും ‘ദിസ് പാസ്റ്റ് വീക്ക്‌എൻഡ്’ പോഡ്‌കാസ്റ്റിൽ ഓൾട്ട്മാൻ വിശദീകരിച്ചു.
കുട്ടികളുടെ ജീവിതത്തെ ടെക്‌നോളജി എങ്ങനെയാണ് ബാധിക്കാൻ പോകുന്നത് എന്നോർത്ത് തനിക്ക് ‘അഗാധമായ ഭീതിയുണ്ടെന്നും’ ഓൾട്ട്മാൻ പങ്കുവെച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ യഥാർത്ഥ ഉത്കണ്ഠ കുട്ടികളേക്കുറിച്ചല്ല, മറിച്ച് ഈ പുതിയ സാങ്കേതിക മാറ്റങ്ങളോട് മുതിർന്നവർക്ക് ഇണങ്ങാൻ സാധിക്കുമോ എന്നതിലാണ്. പുതിയ ടെക്‌നോളജി ആവിർഭവിക്കുമ്പോൾ അതിനൊപ്പം വളർന്നു വരുന്നവർ അനായാസമായ ജീവിതം നയിക്കുമെന്നും, എന്നാൽ 50 വയസായവർക്ക് വേറിട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.