വേൾഡ് ലെജൻഡ്‌സ് ചാമ്പ്യൻഷിപ്പ് 2025-ൽ പാകിസ്താൻ ചാമ്പ്യൻസ് ആദ്യ വിജയം നേടി. ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ അഞ്ച് റൺസിന് തോൽപ്പിച്ചാണ് പാകിസ്താൻ ചാമ്പ്യൻസ് ടൂർണമെന്റിൽ ശുഭാരംഭം കുറിച്ചത്. ബെർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് പാകിസ്താന്റെ വിജയം.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ചാമ്പ്യൻസ് നായകൻ ഓയിൻ മോർഗൻ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ചാമ്പ്യൻസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി. പാകിസ്താൻ നിരയിൽ മുൻനിര താരങ്ങൾ പെട്ടെന്ന് പുറത്തായെങ്കിലും, നായകൻ മുഹമ്മദ് ഹഫീസിന്റെയും (34 പന്തിൽ 54 റൺസ്) ആമിർ യാമിന്റെയും (13 പന്തിൽ പുറത്താകാതെ 27 റൺസ്) സുഹൈൽ തൻവീറിന്റെയും (11 പന്തിൽ 17 റൺസ്) പ്രകടനങ്ങളാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്.
161 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യൻസിന് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ സാധിച്ചുള്ളൂ. ഫിൽ മസ്റ്റാർഡ് (51 പന്തിൽ 58 റൺസ്), ഇയാൻ ബെൽ (35 പന്തിൽ പുറത്താകാതെ 51 റൺസ്) എന്നിവർ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, വിജയത്തിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞില്ല. പാകിസ്താന് വേണ്ടി റുമ്മാൻ റയീസ് നാലോവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.
ഈ വിജയത്തോടെ പാകിസ്താൻ ചാമ്പ്യൻസ് ടൂർണമെന്റിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ആദ്യ ചുവട് വെച്ചു. കഴിഞ്ഞ വർഷം ഫൈനലിലെത്തി ഇന്ത്യയോട് തോറ്റ പാകിസ്താൻ ചാമ്പ്യൻസ് ഇത്തവണ കിരീടം നേടാൻ ലക്ഷ്യമിടുന്നുണ്ട്. മുഹമ്മദ് ഹഫീസിനെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തു. ഇന്ന് വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻസ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനെയും, ഇംഗ്ലണ്ട് ചാമ്പ്യൻസ് ഓസ്ട്രേലിയ ചാമ്പ്യൻസിനെയും നേരിടും. ജൂലൈ 20 ന് ഇന്ത്യ ചാമ്പ്യൻസും പാകിസ്താൻ ചാമ്പ്യൻസും തമ്മിലുള്ള മത്സരം നടക്കും.