ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് വീണ്ടും അപ്രതീക്ഷിത മാറ്റങ്ങൾ. പരിക്കേറ്റ റിഷഭ് പന്തിന് പകരം ഇഷാൻ കിഷൻ ടീമിലെത്തുമെന്ന പ്രതീക്ഷകൾ തെറ്റിച്ച് തമിഴ്നാട്ടിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റർ എൻ. ജഗദീശനെയാണ് നിലവിൽ പരിഗണിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പന്തിന്റെ പരിക്ക് നിലനിൽക്കുന്ന സാഹചര്യത്തിലും, ഇഷാൻ കിഷൻ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ടീമിനൊപ്പം ചേരാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഈ അപ്രതീക്ഷിത നീക്കം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനിടെയാണ് റിഷഭ് പന്തിന് കണങ്കാലിന് പരിക്കേറ്റത്. പരിക്ക് വകവെക്കാതെ താരം ബാറ്റിംഗിനിറങ്ങിയെങ്കിലും, വിക്കറ്റ് കീപ്പിങ് ചുമതലകളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തിൽ പകരക്കാരനെ തേടുകയായിരുന്ന ഇന്ത്യൻ ടീം മാനേജ്മെന്റ് ഇഷാൻ കിഷനെ സമീപിച്ചെങ്കിലും, കണങ്കാലിനേറ്റ പരിക്കുമൂലം താനും വിശ്രമത്തിലാണെന്ന് ഇഷാൻ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മറ്റൊരു ഓപ്ഷനിലേക്ക് ടീം നീങ്ങിയത്.
തമിഴ്നാടിനായി ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരമാണ് എൻ. ജഗദീശൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച ബാറ്റിംഗ് ശരാശരിയുള്ള ജഗദീശൻ തമിഴ്നാടിനായി റൺസ് വാരിക്കൂട്ടുന്നതിൽ മുൻപന്തിയിലാണ്. ധ്രുവ് ജുറേൽ നിലവിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള മറ്റൊരു വിക്കറ്റ് കീപ്പറാണ്. യു.കെ. വിസ ലഭിക്കുന്ന മുറയ്ക്ക് ജഗദീശൻ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അദ്ദേഹത്തിന് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കാനുള്ള സുവർണ്ണാവസരമാകും.