ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും തലവേദനയായി ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്ക്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ താരത്തിന് കളിക്കാൻ കഴിയില്ലെന്ന് ബി.സി.സി.ഐ. അറിയിച്ചു. നിതീഷ് റെഡ്ഡിയുടെ ഇടത് കാൽ മുട്ടിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ താരം ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങും. പരമ്പരയിലെ നിർണായകമായ ഈ ഘട്ടത്തിൽ ഒരു പ്രധാന ഓൾറൗണ്ടറുടെ അഭാവം ടീമിന്റെ സന്തുലിതാവസ്ഥയെ സാരമായി ബാധിച്ചേക്കാവുന്നതാണ്. നിതീഷിൻ്റെ പകരക്കാരനെ ഇതുവരെ ബി.സി.സി.ഐ. പ്രഖ്യാപിച്ചിട്ടില്ലാത്തത് ടീം മാനേജ്മെൻ്റിന് മുന്നിൽ വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു.
അതേസമയം, പരുക്കേറ്റ മറ്റൊരു താരമായ പേസർ അർഷ്ദീപ് സിങ്ങിനു പകരം ചെന്നൈ സൂപ്പർ കിങ്സ് താരമായ അൻഷൂൽ കാംബോജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരയിൽ നിലവിൽ 2-1 ന് പിന്നിലുള്ള ഇന്ത്യക്ക് നാലാം ടെസ്റ്റ് വിജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. പരുക്കേറ്റ പേസർ ആകാശ്ദീപും നാലാം ടെസ്റ്റ് കളിക്കാൻ സാധ്യതയില്ല എന്നതും ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, വിശ്രമം മാറ്റിവച്ച് സൂപ്പർ താരം ജസ്പ്രീത് ബുമ്ര കളിക്കാനിറങ്ങുമോ എന്നറിയാനുള്ള ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകർ. ബുമ്രയുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല.
നാലാം ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനു പകരം ധ്രുവ് ജുറേൽ കളിക്കാനിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ധ്രുവ് ജുറേൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുമ്പോൾ മലയാളി താരം കരുൺ നായർ ടീമിനു പുറത്താകാൻ സാധ്യതയുണ്ട്. ഋഷഭ് പന്ത് ഒരു സ്പെഷലിസ്റ്റ് ബാറ്ററായി മാത്രം നാലാം ടെസ്റ്റ് കളിക്കാനിറങ്ങുമെന്നും സൂചനയുണ്ട്. ജൂലൈ 23-ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരം നടക്കുന്നത്. ഇതിനായി മാഞ്ചസ്റ്ററിലെത്തിയ ഇന്ത്യൻ ടീം പരിശീലനം തുടരുകയാണ്, നിർണായകമായ ഈ മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് ടീം.