ഫ്ലോറിഡയിൽ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ യുവന്റസിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്പാനിഷ് വമ്പന്മാരുടെ വിജയഗോൾ 54-ാം മിനിറ്റിൽ ഗോൺസാലോ ഗാർസിയ നേടി. ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ അസിസ്റ്റിൽ നിന്നാണ് ഈ ഗോൾ പിറന്നത്.
കളിയുടെ തുടക്കത്തിൽ യുവന്റസ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പിന്നീട് റയൽ മാഡ്രിഡ് കളിയിൽ ആധിപത്യം സ്ഥാപിച്ചു. റയലിന്റെ 21 ഷോട്ടുകളിൽ 11 എണ്ണവും ഗോൾ പോസ്റ്റിനെ ലക്ഷ്യമാക്കിയപ്പോൾ യുവന്റസിന്റെ ആറ് ഷോട്ടുകളിൽ രണ്ടെണ്ണം മാത്രമാണ് പോസ്റ്റിലേക്ക് വന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ സൂപ്പർ താരം കിലിയൻ എംബാപ്പെ പകരക്കാരനായി കളത്തിലിറങ്ങിയതും ശ്രദ്ധേയമായി.
ഈ വിജയത്തോടെ റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനലിൽ കടന്നു. ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്മുണ്ടാണ് റയലിന്റെ എതിരാളികൾ. മോണ്ടെറിയെ 2-1 ന് പരാജയപ്പെടുത്തിയാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.