സ്കലോണി പ്രഖ്യാപിച്ച ടീമിൽ സൂപ്പർതാരം ലയണൽ മെസ്സി തന്നെയാണ് നായകൻ. അടുത്ത മാസം ഇക്വഡോറിനും ബൊളീവിയക്കും എതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിനെയാണ് അർജന്റീന കോച്ച് പ്രഖ്യാപിച്ചത്. ഖത്തർ ലോകകപ്പ് കിരീടം നേടിയ ടീമിലെ മിക്ക താരങ്ങളെയും നിലനിർത്തിക്കൊണ്ടാണ് സ്കലോണി പുതിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
യുവതാരങ്ങൾക്കും പുതുമുഖങ്ങൾക്കും സ്കലോണി ടീമിൽ അവസരം നൽകിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലഹാന്ദ്രോ ഗർനാച്ചോ, ബ്രസീൽ ക്ലബ്ബായ അത്ലറ്റികോ പരാനെൻസിലെ ഫോർവേഡ് താരം ലൂക്കാസ് എസ്ക്വിവെൽ, റഷ്യൻ ക്ലബ്ബായ എഫ് സി ക്രസ്നോഡാറിലെ പ്രതിരോധ താരം ലൂക്കാസ് ഒലാസ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
അതേസമയം, പരിക്കുമൂലം ചില പ്രമുഖ താരങ്ങൾ ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്. പരിക്കേറ്റ പൗളോ ഡിബാല, മാർക്കോസ് അക്യൂന എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരുക്കിൽ നിന്ന് മുക്തനായ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അർജന്റീന, ഇക്വഡോറുമായി സെപ്റ്റംബർ 7ന് ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടും. അതിനുശേഷം സെപ്റ്റംബർ 12ന് ബൊളീവിയയുമായി ലാ പാസിലെ ഹെർനാൻഡോ സിലസ് സ്റ്റേഡിയത്തിൽ വെച്ച് മത്സരിക്കും. ഈ മത്സരങ്ങൾ അർജന്റീനയുടെ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ആദ്യത്തേതാണ്.