ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ദാദ’ എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലിക്ക് ഇന്ന് 53-ാം പിറന്നാൾ. കളിക്കാരനായും ക്യാപ്റ്റനായും അഡ്മിനിസ്ട്രേറ്ററായും ഇന്ത്യൻ ക്രിക്കറ്റിൽ ഗാംഗുലിക്ക് നിർണായക സ്ഥാനമുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയെടുത്ത ക്യാപ്റ്റൻ എന്ന നിലയിലാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കളത്തിൽ നിന്ന് വിരമിച്ചതിന് ശേഷവും കമന്റേറ്ററായും ബിസിസിഐ പ്രസിഡന്റായും ഐപിഎൽ ടീമുകളുടെ ഉപദേശകനായും അദ്ദേഹം ക്രിക്കറ്റിൽ സജീവമാണ്.
സമ്പന്നമായ കുടുംബത്തിൽ ജനിച്ച ഗാംഗുലി ക്രിക്കറ്റിലെ വിജയങ്ങളിലൂടെ തന്റെ ആസ്തി വർദ്ധിപ്പിക്കുകയായിരുന്നു. സെലിബ്രിറ്റി നെറ്റ് വർക്ക് റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 80 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി, ഇത് ഏകദേശം 634 കോടി രൂപ വരും. പരസ്യലോകത്തും ഗാംഗുലിക്ക് വലിയ ഡിമാൻഡാണ്. ഒരു പരസ്യത്തിന് ഒരു കോടി രൂപ വരെ അദ്ദേഹം കൈപ്പറ്റുന്നതായാണ് റിപ്പോർട്ട്. ഫോർച്യൂൺ ഫുഡ്‌സ്, മീഷോ, ലോയ്ഡ്, അജന്ത ഷൂസ് തുടങ്ങിയ നിരവധി ബ്രാൻഡുകളുമായി അദ്ദേഹത്തിന് ദീർഘകാല കരാറുകളുണ്ട്.
വിവിധ ബിസിനസ് നിക്ഷേപങ്ങളിലൂടെയും ഗാംഗുലി തന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കി. അദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപങ്ങളുണ്ട്. കൊൽക്കത്തയിൽ ഏഴ് കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വീടും അദ്ദേഹത്തിന് സ്വന്തമായുണ്ട്. കൂടാതെ, ഔഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് തുടങ്ങിയ ആഡംബര കാറുകളുടെ വലിയ ശേഖരവും ഗാംഗുലിക്കുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ധനികരായ താരങ്ങളിൽ ഒരാളായി ഗാംഗുലി ഇന്നും തുടരുന്നു.