സ്വകാര്യ മേഖലയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രോത്സാഹനമായി കേന്ദ്രസർക്കാർ 15,000 രൂപ വരെ നൽകുന്ന പുതിയ തൊഴിൽ ബന്ധിത ആനുകൂല്യ പദ്ധതിക്ക് (Employment Linked Incentive – ELI) കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. രണ്ടു ഗഡുക്കളായി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക ലഭിക്കും. തൊഴിൽദാതാവിനും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതാണ്.
99,446 കോടി രൂപയുടെ ഈ പദ്ധതി ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും. 2027 ജൂലൈ 31 വരെ കാലാവധിയുള്ള ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ ആദ്യമായി ജോലിക്കു കയറുന്ന ഫ്രഷേഴ്സ് ആയിരിക്കും. ഏകദേശം 1.92 കോടി പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്കാണ് ആദ്യ ജോലിക്കുള്ള ഈ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ വിശദമായ മാർഗരേഖ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. ഇത് രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ രംഗത്ത് കൂടുതൽ പേരെ എത്തിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.