തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ, ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമം ചൂണ്ടിക്കാട്ടി നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇത് തന്റെ “പ്രൊഫഷണൽ സൂയിസൈഡ്” ആണെന്നും, പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥ മുൻപും ഉണ്ടായിട്ടുണ്ടെന്നും, ഈ വിഷയത്തിൽ പലതവണ അധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഡോ. ഹാരിസ് ആരോപിച്ചു.
ഡോ. ഹാരിസിന്റെ പരാമർശങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തി. ഡോക്ടറുടെ പ്രതികരണം ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും, ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖല നല്ല നിലയിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും, നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമം ഉണ്ടെന്ന തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കൽ പിന്നീട് ആവർത്തിച്ചു. ഭയം കാരണം മറ്റ് വകുപ്പ് മേധാവികൾ ഇത് പുറത്തുപറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ പോസ്റ്റ് മന്ത്രിയുടെ പിഎസിന്റെ ഉറപ്പിനെ തുടർന്നാണ് പിൻവലിച്ചതെന്നും, എന്നാൽ പിന്നീട് നടപടിയുണ്ടായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുന്നത് ഇടനിലക്കാരായ ഉദ്യോഗസ്ഥരാണെന്നാണ് ഡോ. ഹാരിസിന്റെ പ്രധാന ആരോപണം.