തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് റോയൽ നേവിയുടെ F-35B ലൈറ്റ്നിംഗ് II യുദ്ധവിമാനം അടുത്തയാഴ്ചയോടെ ബ്രിട്ടനിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. ജൂൺ 14-നാണ് ഹൈഡ്രോളിക് തകരാർ കാരണം അറേബ്യൻ കടലിലെ പതിവ് പറക്കലിനിടെ വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. ഏകദേശം ഒരു മാസത്തോളമാണ് അതിനൂതന യുദ്ധവിമാനം ഇവിടെ കുടുങ്ങിക്കിടന്നത്.
വിമാനത്തിന്റെ തകരാറുകൾ പരിഹരിക്കുന്നതിനായി ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു. എയർ ഇന്ത്യയുടെ ഹാങ്ങറിൽ അതീവ രഹസ്യ സ്വഭാവത്തോടെയായിരുന്നു അറ്റകുറ്റപ്പണികൾ നടന്നത്. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറാണ് വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്താൻ കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടീഷ് അധികൃതർ ഇന്ത്യൻ അധികൃതരുമായി സഹകരിച്ച് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിരുന്നു.
അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ വിമാനം പറക്കലിന് സജ്ജമായതായാണ് സൂചന. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം ലാൻഡിങ്, ടേക്ക് ഓഫ് എന്നിവയിൽ പരീക്ഷണങ്ങൾ നടത്തി വിമാനം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കും. ഈ സംഭവത്തെത്തുടർന്ന് F-35 യുദ്ധവിമാനം സോഷ്യൽ മീഡിയയിൽ ഒരു മീം ഐക്കണായി മാറിയിരുന്നു.