ലണ്ടൻ: യുകെയിൽ താമസിച്ച് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവപ്രൊഫഷണലുകൾക്ക് സുവർണ്ണാവസരമൊരുക്കി യുകെ-ഇന്ത്യ യങ് പ്രൊഫഷണൽസ് സ്കീം 2025. 18 നും 30 നും ഇടയിൽ പ്രായമുള്ള, ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ പദ്ധതി വഴി യുകെയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരം ലഭിക്കും. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഒരു പ്രധാന പദ്ധതിയാണിത്.
ഈ വർഷം ആകെ 3,000 ഒഴിവുകളാണ് ഈ പദ്ധതിക്ക് കീഴിൽ യുകെ സർക്കാർ അനുവദിക്കുന്നത്. ഈ അവസരം ലഭിക്കാൻ ഒരു നറുക്കെടുപ്പിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. 2025-ൽ രണ്ട് തവണയാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇതിൽ ആദ്യത്തേത് ഫെബ്രുവരിയിൽ കഴിഞ്ഞു. രണ്ടാമത്തെ ബാലറ്റ് അല്ലെങ്കിൽ നറുക്കെടുപ്പ് 2025 ജൂലൈ 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് ആരംഭിച്ച് ജൂലൈ 24 ന് ഉച്ചയ്ക്ക് 1:30 ന് അവസാനിക്കും. ഈ 48 മണിക്കൂറിനുള്ളിൽ യോഗ്യരായവർക്ക് സൗജന്യമായി നറുക്കെടുപ്പിൽ പങ്കെടുക്കാം.
യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച്, അപേക്ഷകർക്ക് 18 നും 30 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. യുകെയിലെ ബാച്ചിലേഴ്സ് ഡിഗ്രിക്ക് തത്തുല്യമോ അതിൽ കൂടുതലോ ഉള്ള ഒരു വിദ്യാഭ്യാസ യോഗ്യത നിർബന്ധമാണ്. കൂടാതെ, യുകെയിൽ താമസിക്കുന്നതിനുള്ള പ്രാഥമിക ചെലവുകൾ വഹിക്കാൻ ആവശ്യമായ സാമ്പത്തിക ഭദ്രതയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ഇതിനായി കുറഞ്ഞത് 2,530 പൗണ്ട് (ഏകദേശം 2.74 ലക്ഷം ഇന്ത്യൻ രൂപ) ബാങ്ക് അക്കൗണ്ടിൽ ഉള്ളതായി തെളിയിക്കണം. വിസയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള 31 ദിവസത്തിനിടെ 28 ദിവസം തുടർച്ചയായി ഈ തുക അക്കൗണ്ടിൽ ഉണ്ടായിരിക്കണം.
ഈ പദ്ധതി വഴി യുകെയിലെത്തുന്നവർക്ക് മിക്കവാറും എല്ലാത്തരം ജോലികളും ചെയ്യാൻ സാധിക്കും. ഡോക്ടർമാരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് യുകെയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബാലറ്റ് അവസാനിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. അതിനുശേഷം 90 ദിവസത്തിനുള്ളിൽ വിസ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിസ പ്രോസസ്സിംഗ് ഫീസും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജും അടയ്ക്കേണ്ടതുണ്ട്. ഈ വിസയുടെ കാലാവധി പൂർത്തിയായാൽ അപേക്ഷകർ ഇന്ത്യയിലേക്ക് മടങ്ങേണ്ടതാണ്.