നടുറോഡിൽ വാളുമായി അഭ്യാസം കാണിച്ച സിഖ് വംശജനായ സുഖ്‌ചെയിൻ സിംഗ് എന്ന 34-കാരനെയാണ് അമേരിക്കയിലെ കാലിഫോർണിയയിൽ പോലീസ് വെടിവച്ച് കൊന്നത്. കഴിഞ്ഞ ഞായറാഴ്ച കാലിഫോർണിയയിലെ സെൻട്രൽ വാലിയിലുള്ള ഒരു തിരക്കേറിയ റോഡിൽ വെച്ചായിരുന്നു സംഭവം. സുഖ്‌ചെയിൻ സിംഗ് തന്റെ കാറിൽ നിന്ന് വാളെടുത്ത് റോഡിന്റെ മധ്യഭാഗത്ത് നിൽക്കുകയും കാറുകൾക്ക് നേരെ വാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയിൽ സുഖ്‌ചെയിൻ സിംഗ് വാളുമായി നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് കാണാം. കാറുകൾക്ക് നേരെയും അതുപോലെ സമീപത്തുണ്ടായിരുന്ന കടകൾക്ക് നേരെയും ഇയാൾ വാൾ വീശി ഭീഷണിപ്പെടുത്തി. സംഭവം നടന്നയുടൻ പോലീസ് സ്ഥലത്തെത്തി സുഖ്‌ചെയിൻ സിംഗിനോട് വാൾ താഴെയിടാൻ ആവശ്യപ്പെട്ടു. എന്നാൽ അയാൾ അതിന് തയ്യാറായില്ല.
പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും ഇയാൾ സഹകരിക്കാൻ തയ്യാറായില്ല. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥൻ വാൾ താഴെയിടാൻ ആവശ്യപ്പെടുന്നതും സുഖ്‌ചെയിൻ സിംഗ് അത് കൂട്ടാക്കാതെ കാറിന് ചുറ്റും കറങ്ങുന്നതും വ്യക്തമാണ്. ഇതിനിടയിൽ ഇയാൾ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്.
വെടിയേറ്റ സുഖ്‌ചെയിൻ സിംഗിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ സുഖ്‌ചെയിൻ സിംഗിന്റെ കൈവശമുണ്ടായിരുന്നത് 2.5 അടി നീളമുള്ള വാളാണെന്ന് കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ സംഘടനകളും സിഖ് സമൂഹവും രംഗത്തെത്തിയിട്ടുണ്ട്.