തന്റെ ആറ് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട സിൻഡി റോഡ്രിഗസ് സിംഗ് ഇന്ത്യയിൽ വെച്ച് അറസ്റ്റിലായി. ടെക്സസിലെ എവർമാനിൽ നിന്ന് 2022-ൽ കാണാതായ നോയൽ റോഡ്രിഗസ് അൽവാരസ് എന്ന കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സിൻഡിക്ക് എതിരെ യു.എസ്. അധികൃതർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കുട്ടിയുടെ കൊലപാതകത്തിന് ശേഷം സിൻഡി ഇന്ത്യയിലേക്ക് കടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് എഫ്ബിഐ ഇന്റർപോളിന്റെ സഹായം തേടുകയും റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
മകനെ “ഭൂതബാധിതൻ” എന്നും “തിന്മ നിറഞ്ഞവൻ” എന്നും വിശേഷിപ്പിച്ചിരുന്ന സിൻഡി, തനിക്ക് മറ്റ് കുട്ടികളെപ്പോലെ നോയലിനെ ഇഷ്ടമല്ലായിരുന്നു എന്നും പറഞ്ഞിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, അവൻ മെക്സിക്കോയിലെ തൻ്റെ ജൈവിക പിതാവിനൊപ്പമുണ്ടെന്ന് സിൻഡി കള്ളം പറഞ്ഞിരുന്നു. ഇതിന് ശേഷം, ഭർത്താവിനും മറ്റ് ആറ് കുട്ടികൾക്കുമൊപ്പം ഇവർ ഇന്ത്യയിലേക്ക് കടന്നു. എന്നാൽ, വിമാനത്തിൽ നോയൽ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് എഫ്ബിഐ കണ്ടെത്തി.
തുടർന്ന്, സിൻഡിയെ കണ്ടെത്താൻ എഫ്ബിഐ അന്വേഷണം ഊർജിതമാക്കി. സിൻഡിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 250,000 ഡോളർ (ഏകദേശം 2.18 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ അധികൃതരുമായി സഹകരിച്ച് നടത്തിയ നീണ്ട അന്വേഷണത്തിനൊടുവിലാണ് സിൻഡിയെ ഇന്ത്യയിൽ നിന്ന് പിടികൂടിയത്. ശരീരത്തിലെ ടാറ്റൂകൾ തിരിച്ചറിയാൻ സഹായിച്ചതായി റിപ്പോർട്ടുകളുണ്ട്.
അറസ്റ്റിന് ശേഷം സിൻഡിയെ യു.എസിലേക്ക് കൊണ്ടുപോവുകയും ടെക്സസ് അധികാരികൾക്ക് കൈമാറുകയും ചെയ്തു. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഈ അറസ്റ്റ് സ്ഥിരീകരിക്കുകയും, യു.എസ്. നീതിന്യായ വകുപ്പിനും, ഇന്ത്യൻ അധികാരികൾക്കും നന്ദി അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം കൊണ്ടാണ് ഈ അറസ്റ്റ് സാധ്യമായതെന്നും, നീതിക്ക് അതിരുകളില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.