ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തേകാൻ ഈജിപ്തിലെ ഷാം എൽ-ഷെയ്ഖിൽ നടക്കുന്ന ഉന്നതതല ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയാണിത്. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും മധ്യപൂർവദേശത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുമാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്. ക്ഷണത്തെത്തുടർന്ന് മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന പ്രതീക്ഷകൾ ഉയർന്നിരുന്നുവെങ്കിലും പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പ്രധാനമന്ത്രിക്ക് ലഭിച്ച ക്ഷണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് സസ്പെൻസ് നിലനിന്നിരുന്നെങ്കിലും, ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിനെ പ്രത്യേക പ്രതിനിധിയായി അയക്കാൻ സർക്കാർ തീരുമാനിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റിൽ നിന്നും യുഎസ് പ്രസിഡന്റിൽ നിന്നും അവസാന നിമിഷമാണ് മോദിക്ക് ക്ഷണം ലഭിച്ചത്. മന്ത്രി കീർത്തി വർധൻ സിംഗ് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി കെയ്‌റോയിൽ എത്തിയതായി ‘എക്സി’ലൂടെ അറിയിക്കുകയും ചെയ്തു.
ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടമായി ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ നിലവിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഉച്ചകോടി ചേരുന്നത്. 20-ൽ അധികം രാജ്യങ്ങളിലെ നേതാക്കളും, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, പ്രദേശത്ത് സമാധാനവും സുരക്ഷയും സ്ഥാപിക്കുക, പലസ്തീൻ ജനതയുടെ ദുരിതത്തിന് ആശ്വാസം നൽകുക എന്നീ വിഷയങ്ങളിലാണ് ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ ഉച്ചകോടിയിൽ പങ്കുചേരുന്നതിലൂടെ മധ്യേഷ്യൻ വിഷയങ്ങളിലെ ഇന്ത്യയുടെ സാന്നിധ്യം അറിയിക്കാനും പലസ്തീൻ വിഷയത്തോടുള്ള സൗഹൃദം പ്രകടിപ്പിക്കാനും ഈജിപ്തുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യക്ക് അവസരം ലഭിക്കും. ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിന് ഒരു ദ്വിരാഷ്ട്ര പരിഹാരമെന്ന ഇന്ത്യയുടെ നിലപാടിനും, മേഖലയിലെ സമാധാന ശ്രമങ്ങൾക്കും ഈ പങ്കാളിത്തം കരുത്തേകുമെന്നാണ് വിലയിരുത്തൽ.