ജിഎസ്ടി നിരക്കുകളിൽ വന്ന മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിൻ്റെ ഭാഗമായി അമുൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും. 700-ൽ അധികം ഉൽപ്പന്നങ്ങൾക്കാണ് നാളെ മുതൽ വില കുറയുന്നത്. നെയ്യ്, വെണ്ണ, ചീസ്, ഐസ്ക്രീം, പനീർ, ബേക്കറി ഉൽപ്പന്നങ്ങൾ, ചോക്ലേറ്റുകൾ, തുടങ്ങിയവയുടെ വിലകളിലാണ് കുറവ് വരുന്നത്. ഈ നീക്കം സാധാരണ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.
നെയ്യ്, വെണ്ണ, പനീർ തുടങ്ങിയ അവശ്യ ഉൽപ്പന്നങ്ങൾക്ക് വലിയ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലിറ്റർ നെയ്യിന് 40 രൂപ കുറഞ്ഞ് 610 രൂപയാകും. 500 ഗ്രാം വെണ്ണയുടെ വില 20 രൂപ കുറഞ്ഞ് 285 രൂപയാകും. അതേസമയം, 100 ഗ്രാം വെണ്ണയ്ക്ക് 58 രൂപയായും വില കുറച്ചിട്ടുണ്ട്. ഒരു കിലോ ചീസ് ബ്ലോക്കിന്റെ വില 30 രൂപ കുറഞ്ഞ് 545 രൂപയായി. 200 ഗ്രാം പനീറിന് 95 രൂപയായിരിക്കും പുതിയ വില.
ജിഎസ്ടി നിരക്കുകൾ കുറച്ചതുവഴിയുള്ള മുഴുവൻ നേട്ടവും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അമുൽ വ്യക്തമാക്കി. രാജ്യത്ത് പാൽ ഉൽപ്പന്നങ്ങളുടെ ആളോഹരി ഉപഭോഗം കുറവായതിനാൽ ഈ വില കുറവ് വിപണിയിലെ ഡിമാൻഡ് വർദ്ധിപ്പിക്കുമെന്നും ഇത് ഉത്പാദകരായ 36 ലക്ഷം കർഷകർക്ക് ഗുണകരമാകുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
അടുത്തിടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണത്തിൻ്റെ ഭാഗമായാണ് ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കാൻ അമുൽ തീരുമാനിച്ചത്. പാൽ ഉൽപ്പന്നങ്ങൾക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി നികുതി കുറച്ചിട്ടുണ്ട്. അമുലിന് പുറമെ മദർ ഡയറിയും ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മിൽമ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളും വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ.