ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത്, അതുല്യയുടെ ഭർത്താവ് സതീഷിനെയും അവരുടെ ബന്ധുക്കളെയും കോൺസുലേറ്റ് അധികൃതർ ചർച്ചകൾക്കായി വിളിപ്പിച്ചിരുന്നു. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്ന സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ ഈ സുപ്രധാന നീക്കം.
അതുല്യയുടെ മരണം ആത്മഹത്യയാണെന്ന് പറയുമ്പോഴും, ഭർത്താവ് സതീഷിൽ നിന്നുള്ള നിരന്തരമായ ശാരീരിക പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അതുല്യയുടെ കുടുംബം ആരോപിക്കുന്നത്. അതുല്യയുടെ ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ പാടുകളുണ്ടായിരുന്നതായും, ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ശാരീരിക പീഡനങ്ങൾ സഹിക്കവയ്യാതെ അതുല്യ നേരത്തെ ഷാർജ പോലീസിൽ പരാതി നൽകിയിരുന്നതായും വാർത്തകളുണ്ട്.
സംഭവത്തിൽ ആരോപണവിധേയനായ സതീഷിനെ ദുബായിലെ സ്വകാര്യ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. അതുല്യയെ സതീഷ് മദ്യപിച്ച് സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്ന് അതുല്യയുടെ അമ്മ തുളസീഭായ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങളും സതീഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.
അതുല്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺസുലേറ്റ് ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്. അതുല്യയുടെ കുടുംബത്തിന് നീതി ലഭിക്കാനായി കോൺസുലേറ്റ് അധികൃതർ യുഎഇയിലെ നിയമപാലകരുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.