സിംഗപ്പൂരിലെ നോർത്ത് ബ്രിഡ്ജ് റോഡിൽ വെച്ച് സിഗരറ്റ് വലിച്ചതിന് പിടിക്കപ്പെട്ടപ്പോൾ പോലീസ് ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ച ഇന്ത്യൻ വംശജയായ സ്ത്രീക്ക് അഞ്ചുവർഷം തടവ്. 42-കാരിയായ ഫെലിക്സ് ലില്ലി സുശീലയാണ് തടവിന് ശിക്ഷിക്കപ്പെട്ടത്. 2018 നവംബറിലാണ് സംഭവം നടന്നത്. നോർത്ത് ബ്രിഡ്ജ് റോഡിൽ പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന് സിവിൽ എൻഫോഴ്സ്മെന്റ് ഓഫീസർ ലില്ലിയെ തടയുകയായിരുന്നു.
സംഭവം നടന്ന ദിവസം ലില്ലി തന്റെ കാറിലിരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥൻ ലില്ലിയോട് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ നൽകുന്നതിന് പകരം, 30 ഡോളർ കൈക്കൂലിയായി നൽകി ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ലില്ലി ശ്രമിച്ചു. ഇത് പോലീസിന് കൈക്കൂലി നൽകാൻ ശ്രമിച്ചതിന് മറ്റൊരു കേസിന് കാരണമായി.
കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെടുന്നതിന് മുൻപ് തന്നെ ലില്ലി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതിനും വിറ്റഴിച്ചതിനും 2021-ൽ ലില്ലിക്ക് അഞ്ചുവർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ലില്ലിയുടെ കാറിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു.
കൈക്കൂലി കേസിൽ സിംഗപ്പൂരിലെ അഴിമതി വിരുദ്ധ ബ്യൂറോയാണ് അന്വേഷണം നടത്തിയത്. കൈക്കൂലി നൽകാൻ ശ്രമിച്ച കുറ്റത്തിന് അഞ്ചുവർഷം തടവും 100,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ലില്ലിക്കെതിരെ ചുമത്തിയത്. കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ ലില്ലിക്ക് നാലുമാസം തടവ് ശിക്ഷ ലഭിച്ചു. മയക്കുമരുന്ന് കേസിൽ നിലവിൽ അനുഭവിക്കുന്ന തടവ് ശിക്ഷയുടെ കൂടെ ഈ ശിക്ഷയും അനുഭവിക്കണം.