2025-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ നേതാവായ മരിയ കൊറീന മചാഡോയ്ക്ക് ലഭിച്ചതിനോട് പ്രതികരിച്ചുകൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അവാർഡ് ലഭിച്ച മചാഡോ തന്നെ വിളിച്ച് തന്നോടുള്ള ബഹുമാനാർത്ഥമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് അറിയിച്ചതായി ട്രംപ് പറഞ്ഞു. “നിങ്ങൾ ശരിക്കും ഇതിന് അർഹതയുള്ളതിനാൽ ഞാൻ ഇത് നിങ്ങളുടെ ബഹുമാനാർത്ഥം സ്വീകരിക്കുന്നു” എന്നാണ് അവർ പറഞ്ഞതെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
വെനസ്വേലയിലെ ജനാധിപത്യപരമായ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് സമാധാനപരമായ മാറ്റം കൊണ്ടുവരാനുമുള്ള മചാഡോയുടെ പോരാട്ടങ്ങൾക്കാണ് നോർവീജിയൻ നോബേൽ കമ്മിറ്റി ഈ വർഷത്തെ പുരസ്കാരം നൽകിയത്. അതേസമയം, സമാധാനത്തിനുള്ള നോബൽ സമ്മാനം താൻ പലതവണ അർഹിച്ചിരുന്നുവെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ഏഴോ എട്ടോ യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പല സന്ദർഭങ്ങളിലും പറയുകയുണ്ടായി.
നോബേൽ സമ്മാനം ലഭിക്കാത്തതിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചപ്പോൾ, “എന്നിരുന്നാലും, ‘അന്ന് അത് എനിക്ക് തരൂ’ എന്ന് ഞാൻ പറഞ്ഞില്ല,” എന്ന് തമാശ രൂപേണ കൂട്ടിച്ചേർത്തത് അവിടെയുണ്ടായിരുന്നവരിൽ ചിരി പടർത്തി. താൻ മചാഡോയെ സഹായിച്ചു എന്നും “ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതിൽ ഞാൻ സന്തുഷ്ടനാണ്” എന്നും ട്രംപ് ഊന്നിപ്പറഞ്ഞു.
മചാഡോയും തനിക്ക് ലഭിച്ച സമാധാന നോബേൽ പുരസ്കാരം വെനസ്വേലയിലെ ജനങ്ങൾക്കും, തങ്ങളുടെ ലക്ഷ്യത്തിന് നിർണായക പിന്തുണ നൽകിയ ട്രംപിനും സമർപ്പിച്ചതായി എക്സിലെ ഒരു പോസ്റ്റിൽ കുറിച്ചു. നോബേൽ കമ്മിറ്റിയുടെ ഈ തീരുമാനത്തെ വൈറ്റ് ഹൗസ് വക്താവ് വിമർശിക്കുകയും, പുരസ്കാരത്തിൽ യോഗ്യതയെക്കാൾ രാഷ്ട്രീയം പ്രധാന പങ്ക് വഹിച്ചു എന്നും ആരോപിക്കുകയും ചെയ്തിരുന്നു.