ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഏറ്റ പരാജയത്തിന് പിന്നാലെ വിശദീകരണവുമായി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഒരു തോൽവിക്ക് വാലറ്റക്കാർ മാത്രമാണ് കാരണമെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ടീം ഒരുമിച്ച് ജയിക്കുകയും ഒരുമിച്ച് തോൽക്കുകയും ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. ലീഡ്‌സിലെ ഹെഡിങ്\u200cലിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടത്.
മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് ഗംഭീർ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘വാലറ്റക്കാർ റൺസ് സംഭാവന ചെയ്തില്ല അല്ലെങ്കിൽ 8, 9, 10, 11 നമ്പർ കളിക്കാർക്ക് റൺസ് നേടാൻ കഴിഞ്ഞില്ല എന്ന് മാത്രം പറഞ്ഞ് ഞാൻ ഇവിടെ ഇരിക്കില്ല. ചിലപ്പോൾ ആളുകൾക്ക് പിഴവുകൾ സംഭവിക്കാം, അത് സാധാരണമാണ്. ടീമിന്റെ തോൽവിയിൽ ഏറ്റവും നിരാശരായവർ കളിക്കാർ തന്നെയാണ്,’ ഗംഭീർ പറഞ്ഞു. ആദ്യ ഇന്നിങ്\u200cസിൽ 570-580 റൺസ് നേടിയിരുന്നെങ്കിൽ മത്സരത്തിൽ ആധിപത്യം പുലർത്താമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോൽവിക്ക് പിന്നാലെ ബൗളിംഗ് യൂണിറ്റിനെയും യുവതാരങ്ങളെയും പിന്തുണച്ച ഗംഭീർ, ക്ഷമയോടെയുള്ള പിന്തുണയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാർക്ക് പോലും ക്യാച്ചുകൾ നഷ്ടപ്പെടാമെന്നും, തോൽവിയുടെ കാരണം ഏതെങ്കിലും ഒരു വ്യക്തിയിലോ ഒരു വിഭാഗത്തിലോ ഒതുങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിൽ ടീം തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും ഗംഭീർ വ്യക്തമാക്കി.