കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് ബദലായി നിർമ്മിക്കുന്ന വയനാട് തുരങ്കപാതയുടെ പ്രവൃത്തി ഓണസമ്മാനമായി ആരംഭിക്കാൻ ഒരുങ്ങുന്നു. 2134 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയും. ഇത് കോഴിക്കോട്ടുനിന്നുള്ള യാത്രാ സമയം ഒരു മണിക്കൂറായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലബാറിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയിരിക്കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും മല തുരക്കുമ്പോൾ ഉണ്ടാകാനിടയുള്ള ആഘാതം കൃത്യമായി പഠിക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.
എട്ട് കിലോമീറ്ററിലധികം നീളമുള്ള ഈ തുരങ്കപാതയിൽ, നാലുവരി ഗതാഗതത്തിനായി ഇരട്ട തുരങ്കങ്ങളായാണ് നിർമ്മാണം. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, സിസിടിവി, എമർജൻസി കോൾ സിസ്റ്റം, എസ്കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ് തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ തുരങ്കപാതയിൽ ഉണ്ടാകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ, കിഫ്ബി എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാതയുടെ നിർമ്മാണം നടക്കുന്നത്. ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ്, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ഒരു ശാശ്വത പരിഹാരമായി ഇത് മാറുമെന്നും കർണാടകയിലേക്കുള്ള യാത്രയും കൂടുതൽ എളുപ്പമാകുമെന്നും അധികൃതർ അറിയിച്ചു.