വിഴിഞ്ഞം തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഭൂഗർഭ റെയിൽപാതയുടെ നിർമ്മാണത്തിന് ഈ മാസം ടെൻഡർ ക്ഷണിക്കും. 10.76 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 1402 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനും ഈ റെയിൽപാത നിർണായക പങ്കുവഹിക്കും.
ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (NTM) എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഭൂഗർഭ പാത നിർമ്മിക്കുന്നത്. പാറകളും കുന്നുകളും നിറഞ്ഞ പ്രദേശങ്ങളിൽ ടണലുകൾ നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യയാണിത്. ഈ രീതിയിൽ ടണലുകൾക്ക് കുതിരലാടത്തിന്റെ ആകൃതിയാണ് നൽകുന്നത്. എൻടിഎം സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ നിർമ്മാണത്തിനായി ഖനനം ചെയ്യുന്ന മണ്ണും പാറകളും ടണലിന്റെ നിർമ്മാണത്തിന് തന്നെ വീണ്ടും ഉപയോഗിക്കാൻ സാധിക്കും. ഇത് ചെലവ് കുറയ്ക്കുന്നതിനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനും സഹായിക്കും.
വിഴിഞ്ഞം തുറമുഖത്തുനിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് ഈ ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഈ വർഷം ഒക്ടോബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. പദ്ധതി 2028 ഡിസംബറിന് മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ റെയിൽവേ ടണലായിരിക്കും ഇത്.
റോഡ് മാർഗ്ഗമുള്ള ചരക്ക് നീക്കത്തെ മാത്രം ആശ്രയിക്കാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകൾ വേഗത്തിൽ എത്തിക്കാൻ ഈ റെയിൽപാത സഹായിക്കും. ഇത് വിഴിഞ്ഞം തുറമുഖത്തെ ഒരു പ്രധാന ചരക്ക് ഗതാഗത കേന്ദ്രമാക്കി മാറ്റും. തമിഴ്‌നാട്, കർണാടക,ക കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകൾ വിഴിഞ്ഞം തുറമുഖത്തേക്ക് ആകർഷിക്കുന്നതിനും ഈ പദ്ധതി സഹായകമാകും.