മലയാളികൾക്ക് ഏറെ പ്രയോജനകരമായേക്കാവുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യ സർവീസ് കേരളത്തിൽ നിന്നോ അഥവാ കേരളവുമായി ബന്ധമുള്ള റൂട്ടിലോ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം – മംഗളൂരു റൂട്ടിലോ അല്ലെങ്കിൽ മംഗളൂരു – ബെംഗളൂരു റൂട്ടിലോ ആയിരിക്കും ആദ്യ സർവീസ് നടത്താൻ സാധ്യത. ഈ ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്ന രാജധാനി, ദുരന്തോ എക്സ്പ്രസ്സുകൾക്ക് ഒരു മികച്ച ബദലായി മാറും.
ഈ ട്രെയിനുകളുടെ സവിശേഷതകൾ യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതാണ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ, യാത്രാസുഖം വർദ്ധിപ്പിക്കുന്നതിന് ജെർക്ക് ഫ്രീ യാത്രയ്ക്കായി പ്രത്യേക കപ്ലറുകൾ ഘടിപ്പിച്ചിട്ടുണ്ട്. എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ തുടങ്ങിയ വിവിധ ക്ലാസുകളിലെ കോച്ചുകൾ ഉണ്ടാകും. 16 കോച്ചുകളുള്ള ഒരു ട്രെയിനിൽ ഏകദേശം 823 യാത്രക്കാർക്ക് യാത്ര ചെയ്യാനാകും.
യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളും ഈ ട്രെയിനുകളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, മൊഡ്യൂലാർ പാന്ട്രി, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബർത്തുകളും ടോയ്ലറ്റുകളും എന്നിവ ഉൾപ്പെടെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ, ഫസ്റ്റ് എസി കോച്ചിൽ ചൂടുവെള്ളം ഉൾപ്പെടെയുള്ള ഷവർ സൗകര്യങ്ങളുണ്ട്. രാത്രി യാത്രകൾക്ക് പ്രത്യേകമായി ക്രമീകരിച്ച ലൈറ്റുകൾ, മികച്ച വൈഫൈ സൗകര്യം, മൊബൈൽ ചാർജിംഗ് പോയിന്റുകൾ എന്നിവയും ഈ ട്രെയിനുകളുടെ പ്രത്യേകതകളാണ്.
മംഗളൂരു – ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കുകയാണെങ്കിൽ പോലും വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് ഇത് പ്രയോജനകരമാകും. കണ്ണൂർ, കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലുള്ളവർക്ക് മംഗളൂരുവിലെത്തി ഈ ട്രെയിനിൽ യാത്ര തുടരാം. ബെംഗളൂരുവിലുള്ള മലയാളി സമൂഹത്തിനും ഈ ട്രെയിൻ ഏറെ ഉപകാരപ്പെടും. ഈ സാമ്പത്തിക വർഷം തന്നെ പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.