ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. എൻഎസ്ഇയിൽ തിങ്കളാഴ്ചത്തെ (2025 ഏപ്രിൽ 28) വ്യാപാരത്തിൽ 5.26 ശതമാനം നേട്ടത്തോടെ 1368.80 രൂപയിലായിരുന്നു റിലയൻസ് ഓഹരി ക്ലോസിങ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചതിനു ശേഷം റിലയൻസ് ഇൻഡസ്ട്രീസ് പുറത്തുവിട്ട മാർച്ച് സാമ്പത്തിക പാദഫലം വിപണി പ്രതീക്ഷിച്ചതിനേക്കാളും ഉയർന്ന നിലവാരത്തിലായിരുന്നു. കൂടാതെ സമീപ ഭാവിയിലേക്കുള്ള കമ്പനിയുടെ പ്രകടനം സംബന്ധിച്ച ഗൈഡൻസും താരതമ്യേന മികച്ച നിലയിലായിരുന്നു. ഇതിനെ തുടർന്ന് വൻ തോതിൽ നിക്ഷേപക താത്പര്യം ജനിച്ചതാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയെ കുതിപ്പിലേക്ക് നയിച്ചത്.
തിങ്കളാഴ്ച റിലയൻസ് ഇൻഡസ്ട്രീസ് രേഖപ്പെടുത്തിയ വമ്പൻ കുതിപ്പിനെ തുടർന്ന് വിപണി മൂല്യത്തിലും വൻ വർധന രേഖപ്പെടുത്തി. ഇന്ന് അഞ്ച് ശതമാനത്തിലധികം നേട്ടം കൈവരിച്ചതോടെ 93,000 കോടി രൂപയുടെ വർധനയാണ് വിപണി മൂല്യത്തിൽ കുറിച്ചത്. ഓഹരി വില കുതിച്ചുയർന്നതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം വിപണി മൂല്യം വീണ്ടും 18 ലക്ഷം കോടിയെന്ന നിലവാരവും മറികടന്നു. നിലവിൽ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയുമാണിത്. അതേസമയം മുകേഷ് അംബാനി ഉൾപ്പെടുന്ന പ്രൊമോട്ടർ ഗ്രൂപ്പിന്റെ കൈവശം റിലയൻസ് ഇൻഡസ്ട്രീസിന്റെ 49.11 ശതമാനം ഓഹരി വിഹിതം സ്വന്തമായുണ്ട്.
ഹെവിവെയിറ്റ് ഇൻഡക്സ് ഓഹരി കൂടിയായ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി കുതിച്ചുയർന്നതോടെ ഇന്ത്യൻ ഓഹരി വിപണിയും നേട്ടത്തിലേക്ക് മടങ്ങിയെത്തി. എൻഎസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി ആകട്ടെ ഇന്ന് 289 പോയിന്റ് നേട്ടമാണ് കുറിച്ചത്. ഇതിൽ 40 ശതമാനത്തോളം സംഭാവന ചെയ്തത് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി മാത്രമാണ്.