ഇന്ത്യക്ക് പിന്നാലെ അതിസമ്പന്നർ യുണൈറ്റഡ് കിംഗ്ഡം (യുകെ) ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. എന്നാൽ, ഇതിന് പിന്നിലെ കാരണങ്ങൾ ഇന്ത്യയിൽ നിന്ന് സമ്പന്നർ പലായനം ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമാണ്. യുകെയിൽ നിന്ന് അതിസമ്പന്നർ പുറത്തേക്ക് പോകുന്നതിന് ജീവിതനിലവാരമോ കാലാവസ്ഥാ വ്യതിയാനമോ പോലുള്ള പ്രശ്നങ്ങളല്ല, മറിച്ച് തികച്ചും സാമ്പത്തികപരമായ കാരണങ്ങളാണ് പ്രധാനമായും സ്വാധീനിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ലണ്ടനിലെ സമ്പന്നരുടെ എണ്ണത്തിൽ 15% കുറവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 267,000 ശതകോടീശ്വരന്മാർ ഉണ്ടായിരുന്നത് 227,000 ആയി കുറഞ്ഞു. ഇതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ബ്രെക്സിറ്റാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ഒരു ഘടകം, യുകെയിലെ ‘നോൺ-ഡോം’ നികുതി സമ്പ്രദായത്തിൽ അടുത്തിടെ വരുത്തിയ മാറ്റമാണ്.
‘നോൺ-ഡോം’ നികുതി സമ്പ്രദായം അനുസരിച്ച്, യുകെയിൽ സ്ഥിരതാമസമാക്കിയ വിദേശ പൗരന്മാർക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് യുകെയിൽ നികുതി നൽകേണ്ടതില്ലായിരുന്നു. ഈ പണം യുകെയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുന്നില്ലെങ്കിൽ നികുതി ഇളവ് ലഭിച്ചിരുന്നു. ഇത് യുകെയിലെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ച്, വിദേശത്ത് പണമുണ്ടാക്കി നികുതി ഭാരം കുറച്ച് ജീവിക്കാൻ അതിസമ്പന്നരെ സഹായിച്ചിരുന്നു. നികുതി കുറഞ്ഞ ഏതെങ്കിലും രാജ്യത്ത് തങ്ങളുടെ “ഡോമിസൈൽ” പ്രഖ്യാപിച്ച് യുകെയിൽ താമസിക്കാൻ അവർക്ക് സാധിച്ചിരുന്നു.
എന്നാൽ, 2025 ഏപ്രിൽ 6-ഓടെ ഈ നിയമം പൂർണ്ണമായും ഇല്ലാതായി. ഈ നികുതി സമ്പ്രദായം എടുത്തുകളഞ്ഞതോടെ യുകെ അതിസമ്പന്നർക്ക് ഒട്ടും ആകർഷകമല്ലാതായി മാറി. നികുതി ആനുകൂല്യങ്ങൾ ഇല്ലാതായതോടെ, ദുബായ്, ഹോങ്കോങ്, ഗ്രീസ് തുടങ്ങിയ നഗരങ്ങളിലേക്ക് അതിസമ്പന്നർ കൂട്ടത്തോടെ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം യുകെയുടെ സമ്പദ്‌വ്യവസ്ഥയിൽ എന്ത് തരത്തിലുള്ള വ്യത്യാസങ്ങൾ വരുത്തുമെന്ന് വരുംനാളുകളിൽ മാത്രമേ വ്യക്തമാകൂ.