കേരളത്തിലെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയുടെ പ്രധാന ഗവേഷണ, സാങ്കേതിക ഹബ്ബായി പാലക്കാട് ഐഐടി മാറും. കോഴിക്കോട് എൻഐടിയും തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിംഗും ഈ പദ്ധതിയിൽ ഗവേഷണ പങ്കാളികളായിരിക്കും. ദേശീയ ഹൈഡ്രജൻ മിഷൻ്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഉത്പാദന പ്ലാൻ്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വികസിപ്പിക്കുക, വാതക ഉത്പാദന ഗവേഷണം നടത്തുക എന്നിവയിലാണ് ഐഐടിക്ക് പ്രധാന പങ്കാളിത്തമുള്ളത്. ഐഐടിയിൽ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഹബ്ബിനോട് ചേർന്ന് ഗവേഷണ സൗകര്യങ്ങളും ഒരുക്കും.
കേരളത്തിലെ പദ്ധതിയുടെ ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ബസുകൾ, വാട്ടർമെട്രോ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, ഉൾനാടൻ ജലഗതാഗതം എന്നിവയിൽ ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കും. കൂടാതെ, സിറ്റി ഗ്യാസ് വഴി വിതരണം ചെയ്യുന്ന പാചകവാതകത്തിൽ 5% ഹൈഡ്രജൻ ചേർക്കാനും പദ്ധതിയുണ്ട്. രാജ്യത്ത് മഹാരാഷ്ട്രയിലെ പൂനെ, ഒഡീഷയിലെ ഭുവനേശ്വർ, രാജസ്ഥാനിലെ ജോധ്പൂർ എന്നിവിടങ്ങളിലും ഹൈഡ്രജൻ വാലി പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്.
ഈ പദ്ധതിയുടെ മൊത്തം ചെലവ് 133.18 കോടി രൂപയാണ്, ഇതിൽ 58 കോടി രൂപ കേന്ദ്രവിഹിതമാണ്. അനെർട്ടാണ് പദ്ധതിയുടെ ഏകോപന ചുമതല വഹിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള ഹൈഡ്രജൻ ഉത്പാദനം അഞ്ചു വർഷത്തിനുള്ളിൽ ആരംഭിക്കണമെന്നും പദ്ധതിയിൽ വ്യവസ്ഥയുണ്ട്. ഹൈഡ്രജൻ അധിഷ്ഠിത സ്റ്റാർട്ടപ്പുകളും ഗവേഷണ കോഴ്സുകളും ഭാവിയിൽ ആരംഭിക്കാൻ സാധ്യതയുണ്ട്.