തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയിലും അഭിമന്യു ഈശ്വരന് അരങ്ങേറ്റത്തിന് അവസരമില്ല. അഞ്ചാം മത്സരത്തിനുള്ള ടീമിലും ഇടംകിട്ടാത്തതോടെ അഭിമന്യു ഈശ്വരന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പ് ഒക്ടോബറിലേക്ക് നീളും.
കഴിഞ്ഞവർഷം ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ട് ഓസ്ട്രേലിയയിലേക്ക് പോയെങ്കിലും ഒരു മത്സരത്തിൽപോലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.
6 മാസത്തിനുശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും ഇടംപിടിച്ചെങ്കിലും പരമ്പരയിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും ബെഞ്ചിലിരിക്കാനാണ് ബംഗാൾ താരത്തിന്റെ വിധി. ഒക്ടോബറിൽ നാട്ടിൽ വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. 2021 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്ക്വാഡിൽ സ്റ്റാൻഡ് ബൈ ഓപ്പണറായി ഇടംപിടിച്ച അഭിമന്യു ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 4 വർഷത്തിലേറെയായി.